നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെ അനുപമയെ മന്ത്രി വീണാ ജോർജ്ജ് വിളിച്ച് സംസാരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് അനുപമ പറയുന്നത് . ഞാനും ഒരമ്മയാണെന്നും കാര്യങ്ങൾ മനസിലാകുമെന്നും വീണാ ജോർജ്ജ് അനുപമയോട് പറഞ്ഞു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അനുപമ പറയുന്നു.
കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി അനുപമയ്ക്ക് വാക്ക് നൽകി. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു നല്‍കുന്ന കാര്യത്തില്‍ നടപടി എടുക്കാതിരുന്നതെന്നായിരുന്നു വിഷയത്തിൽ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വിചിത്ര വിശദീകരണം. കുട്ടി ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്‍റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അനുപമയെ കുറ്റപ്പെടുത്തിക്കൊണ്ട് സുനന്ദ പറഞ്ഞിരുന്നു.
