എംജി സര്‍വ്വകലാശാല സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ എഐഎസ്എഫ് രംഗത്ത്. എസ്എഫ്‌ഐ കിണറ്റിലകപ്പെട്ട തവളയാണെന്ന് എഐഎസ്എഫ് സംസാഥന സെക്രട്ടറി ജെ അരുണ്‍ബാബുപറഞ്ഞു . ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ആര്‍എസ്എസും എസ്എഫ്ഐയുമെന്നാണ് അരുണ്‍ വിശേഷിപ്പിച്ചത്.പ്രകോപനം ഇല്ലാതെയായിരുന്നു എസ്എഫ്‌ഐ അക്രമണം.വനിത നേതാവിന് നേരെ ഉണ്ടാകാന്‍ പാടില്ലാത്ത അക്രമണം ഉണ്ടായി. കിണറ്റില്‍ അകപ്പെട്ട തവളയുടെ അവസ്ഥയിലേക്ക് എസ് ഐ ഐ മാറരുതെന്നും അരുണ്‍ വിമര്‍ശിച്ചു. കേരളം കഴിഞ്ഞാല്‍ എസ്എഫ്‌ഐ യുടെ അവസ്ഥ എന്തെന്ന് മനസിലാക്കണം. ബംഗാളിലെ എസ്എഫ് ഐ യുടെ അവസ്ഥ എന്തെന്ന് വി പി സാനുവിനോട് ചോദിച്ചാല്‍ മതിയെന്നും എഐഎസ്എഫ് പരിഹസിച്ചു.
പുരോഗമനം പറയുമ്പോള്‍ അത് ക്യാമ്പസുകളില്‍ നടപ്പിലാക്കാന്‍ കൂടി എസ്എഫ്ഐ ശ്രമിക്കണം.
സ്വാതന്ത്യം, ജനാധിപത്യം സോഷ്യലിസം എന്ന് കൊടിയില്‍ രേഖപ്പെടുത്തുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. എംജി സര്‍വകലാശാലയില്‍ മാത്രമുള്ള പ്രശ്നമല്ല ഇത്. തിരുവനന്തപുരത്തുമുണ്ടായി അക്രമം. അവിടെ നിന്ന് പാഠം പഠിച്ചിട്ടില്ല. എസ്എഫ്ഐക്ക് മാത്രം വിജയിക്കുവാന്‍ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ കോളേജുകളിലെ തിരഞ്ഞെടുപ്പ് പരിഷ്‌കരിക്കുകയാണ്. ജനാധിപത്യമില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെടാന്‍ തയ്യാറാകണം. കേരളത്തിലെ കലാലയങ്ങളില്‍ ഫാസിസ്റ്റ് പ്രവണത ഉണ്ടായികൊണ്ടിരിക്കുകയാണ്. എബിവിപിയും ആര്‍എസ്എസും എസ്എഫ്ഐയും തമ്മില്‍ എന്താണ് വ്യത്യാസം. രാജ്യത്തെ മറ്റു കലാലയങ്ങളില്‍ ആര്‍എസ്എസും എബിവിപിയും ചെയ്യുന്ന അതേകാര്യങ്ങള്‍ തന്നെയാണ് കേരളത്തില്‍ എസ്എഫ്ഐ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരു പെണ്‍കുട്ടിക്കുനേരെ രാജ്യത്ത് മറ്റെവിടെയെങ്കിലുമായിരുന്നു ഇത്തരം ആക്രമണം നടന്നിരുന്നതെങ്കില്‍ കൊടിയും പിടിച്ച് കേരളത്തിലെ സര്‍വകലാശാലകള്‍ മുഴുവന്‍ ഇവര്‍ ജാഥ നടത്തുമായിരുന്നു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് പോലും പറയാന്‍ തയ്യാറാകാതിരിക്കുന്നതെന്നും എഐഎസ്എഫ് ചോദിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
