പാലക്കാട് : കല്ലടിക്കോട് അയ്യപ്പന്‍കാവിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്.

അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരാണ് മരിച്ചത്.

വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവര്‍മാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി വിഘ്‌നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *