പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തെറ്റായ ദിശയിലെത്തി കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്.

ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പന്‍കാവിന് സമീപം കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *