കല്‍പറ്റ: പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാന്‍ കല്‍പറ്റ നഗരത്തില്‍ ആയിരങ്ങള്‍. വയനാട് ലോക് സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ ‘ പത്രിക സമര്‍പ്പിക്കാനുള്ള റോഡ് ഷോ അല്‍പസമയത്തിനകം ആരംഭിക്കും.

11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു.

ഒമ്പതു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിനു മുന്നില്‍ ആളുകള്‍ നിറഞ്ഞുതുടങ്ങി. ഒറ്റക്കും കൂട്ടായും ആളുകളുടെ പ്രവാഹം വര്‍ധിച്ചു. ചെറു സംഘങ്ങള്‍ മുദ്രാവാക്യം വിളികളുമായാണ് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞത്.

കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷര്‍ട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാര്‍ഡുകളേന്തിയും അണിനിരന്ന ആയിരങ്ങള്‍ക്കൊപ്പം ത്രിവര്‍ണ ബലൂണുകളുടെ ചാരുതയും നിറം പകര്‍ന്നു. ഗോത്രവര്‍ഗ യുവാക്കള്‍ അണിനിരക്കുന്ന ‘ഇതിഹാസ’ ബാന്‍ഡ് വാദ്യ സംഘം ഉള്‍പ്പെടെ ഒരുങ്ങി നില്‍ക്കുകയാണ്. പത്തരയോടെ ജനം റാലിയായി പതിയെ ഒഴുകി നീങ്ങാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *