കല്‍പ്പറ്റ: വയനാടിനെ ആവേശത്തിലാറാടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. കന്നിയങ്കം കുറിക്കുന്ന പ്രിയങ്കയുടെ പ്രചാരണത്തിനായി അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ വയനാട്ടിലെത്തിയിട്ടുണ്ട്. പ്രിയങ്കാഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം വമ്പന്‍ ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ റോഡ്ഷോയില്‍ പ്രിയങ്കയ്ക്കൊപ്പമുണ്ട്. സമാപനത്തില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം.

പ്രിയങ്കയുടെ പ്രചാരണത്തിനായി രാഹുല്‍, ഖാര്‍ഗെ തുടങ്ങി ദേശീയ നേതാക്കളെല്ലാം വയനാട്ടിലുണ്ട്. രാവിലെ പത്തരയോടെയാണ് രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കണ്ണൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍ നേതാക്കളെ സ്വീകരിച്ചു. സോണിയ ഗാന്ധിക്കും റോബര്‍ട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *