കല്‍പറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനുണ്ടാകും. വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുല്‍. വയനാട്ടിലെ എം.പി സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എന്റെ സഹോദരിയെ ഞാന്‍ വയനാടിനെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ഓരോരുത്തരെയും സ്വന്തം കുടുംബമായി കണക്കാക്കുന്നയാളാണ് പ്രിയങ്ക. വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് -രാഹുല്‍ പറഞ്ഞു.
