എക്‌സ്‌പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍; സംസ്ഥാനം ഉത്കണ്ഠ രേഖപ്പെടുത്തി

ഒക്ടോബര്‍ 11ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു.

ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ തീരുമാനിച്ചു.

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എം.ഐ.സി.എഫ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്‌കരണ പ്ലാന്റകള്‍ സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്കു അനുമതി നല്‍കിയ മാതൃകയിലാവും ഇത്.

സാധൂകരിച്ചു

വയനാട് ദുരന്തത്തില്‍ നഷ്ടമായതോ/നശിച്ചുപോയതോ ആയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാധ്യതാസര്‍ട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതര്‍ക്ക് സൗജന്യമായി നല്‍കുന്നതിന് മുദ്ര വിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കിയത് സാധൂകരിച്ചു.

ഭൂപരിധിയില്‍ ഇളവ്

എറണാകുളം രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആശുപത്രി വികസനത്തിന് ഭൂപരിഷ്‌കരണ നിയമപ്രകാരം നിബന്ധനകളോടെ ഭൂപരിധിയില്‍ ഇളവ് അനുവദിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

നബാര്‍ഡ് ആര്‍ഡിഎഫ് പദ്ധതിപ്രകാരം ഭരണാനുമതി നല്‍കിയ ആലപ്പുഴ മണ്ണഞ്ചേരി പെരുംതുരുത്തിക്കരി പാടശേഖരത്തിന്റെ മെച്ചപ്പെടുത്തലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.

എന്റെ കേരളം പോര്‍ട്ടല്‍

പൊതുജന സമ്പര്‍ക്കത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന് കീഴില്‍ എന്റെ കേരളം പോര്‍ട്ടല്‍ ആരംഭിക്കുന്നതിനും സ്‌പെഷ്യല്‍ സ്ട്രാറ്റജി ആന്റ് കമ്മ്യൂണിക്കേഷന്‍ ടീമിനെ ഒരു വര്‍ഷത്തേക്ക് രൂപീകരിക്കുന്നതിനും സിഡിറ്റ് സമര്‍പ്പിച്ച നിര്‍ദ്ദേശം അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *