തിരുവനന്തപുരം: ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിന്റെ വിജയം ഭരണത്തുടര്‍ച്ചയുടെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചെന്നും ഗോവിന്ദന്‍ ആരോപിച്ചു.

12,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയില്‍ വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് നോക്കിയാല്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞു. ഇടതുപക്ഷം 5,000ത്തില്‍നിന്ന് 12,000 ആയി ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു. എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെയും വര്‍ഗീയവാദികളുടെയും മാധ്യമങ്ങളുടെയും എതിര്‍പ്പ് മറികടന്നാണ് ചേലക്കരയിലെ യു.ആര്‍ പ്രദീപിന്റെ വിജയം.

കേരളരാഷ്ട്രീയം എങ്ങോട്ടേക്കാണെന്നു വ്യക്തതയും ദിശാബോധവും നല്‍കുന്ന വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിനുശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക് നിര്‍ണായകമായ ചുമതല വഹിക്കാനാകുമെന്നാണ് ഈ വിധിയില്‍നിന്നു മനസിലാകുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്ന് ഇതിലൂടെ പറയാനാകില്ല. സീറ്റ് നിലനിര്‍ത്താനായത് ഭരണത്തുടര്‍ച്ചയുടെ സൂചനയാണ്. രണ്ടാം ഊഴവും കഴിഞ്ഞ് മൂന്നാം ഊഴത്തിലേക്ക് ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ പോകുമെന്നതിന്റെ കൃത്യമായ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. സരിനെയാണ് ഞങ്ങള്‍ നിര്‍ത്തിയത്. സരിന്‍ മികച്ച സ്ഥാനാര്‍ഥിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം ഇടതുപക്ഷത്തിനു വലിയ മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ ശക്തമായി ഒപ്പംനിര്‍ത്തി മുന്നോട്ടുപോകും. ഞങ്ങള്‍ മൂന്നാം സ്ഥാനത്തും ബിജെപി രണ്ടാം സ്ഥാനത്തും ഉണ്ടായിരുന്നപ്പോഴുണ്ടായിരുന്ന സീറ്റിലെ അന്തരം കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *