പാലക്കാട്: കോട്ടയത്ത് ടാർ ചെയ്ത ഉടൻ റോഡ് കുത്തിപ്പൊളിച്ച സംഭവത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ് കുഴിക്കാൻ പാടില്ലെന്നും അതിൽ അലംഭാവം പാടില്ലെന്നും മന്ത്രി പറഞ്ഞു. റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടിവെള്ളത്തിന് വേണ്ടി റോഡ് കീറിമുറിച്ച ശേഷം പഴയ സ്ഥിതിയാകാത്തത് ദീഘകാലമായി നേരിടുന്ന പ്രശ്നമാണ്. അതിൽ വീഴ്ച വരുത്തുന്നത് തിരുത്തി പോകണമെന്നും മന്ത്രിമാർ തന്നെ മുൻകയ്യെടുത്ത് തിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുമായി സംസാരിച്ചു. പ്രശ്നം പരിഹരിക്കാൻ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ മുന്നോട്ടുപോയിട്ടുണ്ട്. ജലസേചന മന്ത്രിയുമായി ചർച്ച ചെയ്തെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കും. അതിന് വീഴ്ചയുണ്ടങ്കിൽ ശക്തമായ നടപടി എടുക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. അതേസമയം, റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റോഡിലെ കൊടിതോരണങ്ങൾ നിമിത്തമുള്ള അപകടങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *