സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണതെന്ന് എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ആർക്കുവേണ്ടിയാണ് ഈ സമര നാടകം എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്. മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണിത്. ഇതേ മാതൃകയില്‍ ചില അരാജക സംഘടനകള്‍ ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും ലേഖനം പറയുന്നു.സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനേയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശ വര്‍ക്കര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലല്ല. കേരളത്തിലെ മഹാഭൂരിപക്ഷം ആശ വര്‍ക്കര്‍മാരും ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ ഭാഗമല്ലെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നു.നിലവിലെ സമരത്തെ പിന്തുണയ്ക്കുന്ന യു.ഡി.എഫിനേയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രം തീരുമാനിച്ച ആശാ സ്‌കീം അന്ന് കേരളം ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. 2006ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. വി.എസ്.സര്‍ക്കാരിന്റെ കാലത്ത് ഉത്സവബത്ത ആവശ്യപ്പെട്ട് ആശമാര്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ ശബ്ദമുയര്‍ത്തി. ഇതിന്റെ ഫലമായി ഓണത്തിന് 500 രൂപ വീതം ഉത്സവബത്ത നല്‍കി. സംഘടനയുടെ ആവശ്യപ്രകാരം വി.എസ്.സര്‍ക്കാര്‍തന്നെ പ്രതിമാസം 3000 രൂപ തോതില്‍ ഓണറേറിയം നല്‍കാനും തീരുമാനിച്ചു. 2011ല്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് 14 മാസം പിന്നിട്ടിട്ടും ഓണറേറിയമോ ഇന്‍സെന്റീവോ നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മഹാ ഭൂരിപക്ഷം ആശമാരും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിതസമരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *