സിൽവർ ലൈനിനെതിരായി വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധ മാർച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു.പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിക്കുകയും ടി.എന്‍.പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയുംകൈയേറ്റം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പുറമേ നിന്ന് ആരേയും ഉള്‍പ്പെടുത്താതെ വിജയ്ചൗക്കില്‍ നിന്ന് എംപിമാര്‍ തന്നെ പ്രതിഷേധവുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിനുശേഷം പാര്‍ലമെന്റിലേക്ക് പോകുകയെന്നതാണ് എംപിമാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഡല്‍ഹി പൊലീസ് വഴിയില്‍ തടയുകയായിരുന്നു.

ബാരിക്കേഡ് തട്ടിമാറ്റി മുന്നേറാന്‍ ശ്രമിച്ച ടി.എന്‍.പ്രതാപനെ പൊലീസ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ ഹൈബി ഈഡനും ബാരിക്കേഡ് മറികടന്നെത്തി ഈ സമയത്ത് പൊലീസ് ഹൈബി ഈഡന്റെ മുഖത്തടിക്കുകയായിരുന്നു.

ഇതിനിടെ കൂടുതല്‍ യുഡിഎഫ് എംപിമാര്‍ പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയതോടെ പ്രതിരോധിക്കുന്നതിനപ്പുറം വിഷയം എംപിമാര്‍ക്കെതിരായ ആക്രമണത്തിലേക്ക് നീങ്ങി. ഡീന്‍ കുര്യാക്കോസിനെ വളഞ്ഞിട്ട് പിടിച്ച് ആക്രമിക്കാന്‍ ശ്രമമുണ്ടായി. കെ.സി.വേണുഗോപാലിനെതിരെയും കെ.മുരളീധരനെതിരെയും ബെന്നി ബെഹ്നാന്‍ എംപിക്കെതിരേയും കൈയേറ്റമുണ്ടായി. വനിത പൊലീസുകാരെ പോലും ഉപയോഗപ്പെടുത്താതെ പുരുഷ പൊലീസ് രമ്യ ഹരിദാസിനേയും തടഞ്ഞു. തുടര്‍ന്ന് അതിക്രമം തടയാന്‍ ഹൈബി ഈഡന്‍ രമ്യയ്ക്ക് സംരക്ഷണമൊരുക്കി. തുടര്‍ന്ന് പ്രതിഷേധവുമായി പാര്‍ലമെന്റിലെത്തിയ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *