കൊച്ചി: എ.ഐ ക്യാമറ ഇടപാടിലൂടെ സാധാരണക്കാരുടെ കീശ കാലിയാക്കുന്ന വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതി നടത്തിപ്പുകാരായ സര്‍ക്കാര്‍, കെല്‍ട്രോണ്‍, എസ്.ആര്‍.ഐ.റ്റി കമ്പനി, ഉപകരാര്‍ ലഭിച്ച കമ്പനികള്‍ എന്നിവര്‍ക്ക് വന്‍ലാഭമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കെല്‍ട്രോണ്‍ നല്‍കിയത് അവ്യക്തമായ മറുപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രില്‍ 12-ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു മന്ത്രിസഭയില്‍ വച്ച നോട്ട് എ.ഐ ക്യാമറയ്ക്ക് പിന്നില്‍ നടന്ന എല്ലാ ഇടപാടുകളും പുറത്ത് കൊണ്ട് വരുന്നതാണ്. പത്ത് പേജുള്ള നോട്ടില്‍ കരാറും ഉപകരാറും നല്‍കിയിരിക്കുന്ന കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ച് വച്ചു. മന്ത്രിസഭാ അംഗങ്ങളെ പോലും കരാറും ഉപകരാറും നല്‍കിയ കമ്പനികളുടെ വിവരങ്ങള്‍ അറിയിച്ചില്ല. ക്യാബനറ്റ് നോട്ട് വായിച്ചാല്‍ കെല്‍ട്രോണ്‍ നേരിട്ട് എല്ലാ ഇടപാടുകളും നടത്തുവെന്നേ തോന്നൂ.

ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരു മുന്‍പരിചയവും ഇല്ലെന്ന് എസ്.ആര്‍.ഐ.ടി കമ്പനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാണ്. ഇവര്‍ ഇടനിലക്കാരായാണ് പ്രവര്‍ത്തിക്കുകയാണ്. കെ ഫോണിന് പിന്നിലും ഇതേ കമ്പനിയാണ്. പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങളുള്ള കമ്പനികള്‍ക്കേ കരാര്‍ നല്‍കാവൂ.
എസ്.ആര്‍.ഐ.ടി കമ്പനിക്ക് ഈ മേഖലയില്‍ എന്ത് മുന്‍പരിചയമാണുള്ളത്? മറ്റ് ഏതെല്ലാം കമ്പനികളാണ് കരാറില്‍ പങ്കെടുത്തത്? അതില്‍ ഏതെങ്കിലും കമ്പനികള്‍ക്ക് സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നോ? കരാര്‍ ലഭിച്ചയുടന്‍ എസ്.ആര്‍.ഐ.ടി കമ്പനി കണ്‍സോര്‍ഷ്യമുണ്ടാക്കിയാണ് ഉപകരാര്‍ നല്‍കിയത്.
അതുതന്നെ ഈ കമ്പനിക്ക് മുന്‍പരിചയം ഇല്ലെന്നതിന്റെ തെളിവാണ്. ഇത് തന്നെയാണ് ഈ കമ്പനി കെ ഫോണിലും ചെയ്തത്.

സി.പി.എമ്മിന് ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുമായി എസ്.ആര്‍.ഐ.ടിക്ക് ബന്ധമുണ്ട്. ഊരാളുങ്കലും എസ്.ആര്‍.ഐ.ടിയും ചേര്‍ന്ന് നേരത്തെ മറ്റൊരു കമ്പനി ഉണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പവര്‍ ബ്രോക്കേഴ്‌സാണ് ഇത്തരം കറക്ക് കമ്പനികള്‍ക്ക് പിന്നില്‍. ഇതെല്ലാം എത്തിച്ചേരുന്നത് ഒരു പെട്ടിയിലേക്കാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ പദ്ധതികളുടെയും കരാര്‍ മുന്‍കാല പരിചയമില്ലാത്ത ഇത്തരം പവര്‍ ബ്രോക്കേഴ്‌സിന് ലഭിക്കുന്ന സ്ഥിതിയാണ്. സര്‍ക്കാരിന്റെ കരാര്‍ നടപടികളിലെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. എ.ഐ കരാറുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ പ്രതിപക്ഷം പുറത്ത് വിടും.

ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. ഒരു ക്യാമറയ്ക്ക് 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. ഇതിന്റെ പത്തിലൊന്ന് വിലയ്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തുള്ള നാടകം കെല്‍ട്രോണ്‍ നടത്തിയത് എന്തിന് വേണ്ടിയായിരുന്നു? 232 കോടിയുടെ പദ്ധതിയില്‍ 70 കോടി രൂപ മാത്രമാണ് ക്യാമറ വാങ്ങാനുള്ള ചെലവ്. കണ്‍ട്രോള്‍ റൂം, മെയിന്റനന്‍സ് എന്നൊക്കെ പറഞ്ഞാണ് ബാക്കി പണം വാങ്ങുന്നത്. 5 വര്‍ഷത്തേക്ക് 64 കോടി രൂപയാണ് മെയിന്റനന്‍സിന് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. അറിയപ്പെടുന്ന ബ്രാന്‍ഡ് ക്യാമറ വാങ്ങിയിരുന്നെങ്കില്‍ 5 വര്‍ഷത്തെ സൗജന്യം മെയിന്റനന്‍സ് വാറണ്ടി ലഭിച്ചേനെ. പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂ.

നികുതിക്കൊള്ളയ്ക്ക് പുറമെ എ.ഐ ക്യാമറയുടെ പേരില്‍ 1000 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും കൊള്ളയിടിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്ക് സാധാരണക്കാരുടെ കീശ കാലിയാക്കുന്ന തട്ടിപ്പാണിത്. ഒരു പരിചയവും ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇടപാടുകള്‍ക്ക് പിന്നില്‍ അധികാര ദല്ലാള്‍മാരായി പ്രവര്‍ത്തിക്കുന്നവരാണ്.

കെല്‍ട്രോണിന് പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി മാത്രം നല്‍കിയാല്‍ മതിയെന്നും ഫെസിലിറ്റി മാനേജ്‌മെന്റ് നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശിച്ചതാണ്. ഈ നിര്‍ദ്ദേശം മറികടന്ന് കൊണ്ടാണ് ഫെസിലിറ്റ് മാനേജ്‌മെന്റും കെല്‍ട്രോണിന് നല്‍കിയത്. ഇതുതന്നെയാണ് എസ്.എന്‍സി ലാവലിന്‍ കരാറിലും നടന്നത്. കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് കടന്നു വരാനുള്ള വാതിലാണ് തുറന്നു കൊടുത്തത്. അങ്ങനെയാണ് എസ്.ആര്‍.ഐ.ടി ഉപകരാര്‍ നേടിയത്. എസ്.ആര്‍.ഐ.ടിക്ക് കെ ഫോണുമായും എ.ഐ ക്യാമറയുമായും എന്ത് ബന്ധമാണുള്ളത്. ഇവര്‍ക്ക് ഊരാളുങ്കലുമായി എന്ത് ബന്ധം? ഇവരെല്ലാം കണ്ണൂരിലുള്ള വിവിധ സി.പി.എം സംഘങ്ങളാണ്. രമേശ് ചെന്നിത്തലയുടേത് ഉള്‍പ്പെടെ എ.ഐ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കണം. എ.ഐ ഇടപാടിന് പിന്നില്‍ വന്‍ അഴിമതിയാണ്. ജനങ്ങളുടെ പോക്കറ്റില്‍ നിന്നാണ് ഈ പണം കൊള്ളയടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *