കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതിയുമായി പുതുമുഖ നടി അപര്‍ണ ജോണ്‍സ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് തന്നോടും ഷൈന്‍ മോശമായി പെരുമാറിയെന്ന് അപര്‍ണ ജോണ്‍സ് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ലൈംഗിക ചുവയോടെ സംസാരിച്ചു. ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുണ്ടായി. താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്. വിന്‍സി പങ്കുവെച്ച അനുഭവം 100 ശതമാനം ശരിയാണ്. സാധാരണ ഒരാള്‍ ഇടപെടുന്നത് പോലെയല്ല ഷൈന്‍ പെരുമാറുന്നത്.

ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജിയാണ്. പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്. സ്ത്രീകളുള്ളപ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയിലാണ് സംസാരിക്കുന്നത്.

സിനിമയിലെ ഐ.സി അംഗം അഡ്വ. സൗജന്യ വര്‍മയോട് താന്‍ പരാതിപ്പെട്ടിരുന്നു. തന്റെ പരാതിയില്‍ ഉടന്‍ തന്നെ ക്രൂ പരിഹാരം കാണുകയും ചെയ്തു. പിറ്റേദിവസത്തെ സീനുകള്‍ തലേ ദിവസം തന്നെ ചിത്രീകരിച്ച് തന്നെ സുരക്ഷിതമായി പറഞ്ഞയച്ചു.

നാട്ടിലായിരുന്നെങ്കില്‍ നിയമനടപടി സ്വീകരിച്ചേനെയെന്നും ചലച്ചിത്ര താരസംഘടനയായ അമ്മക്ക് വിവരം കൈമാറിയെന്നും ആസ്‌ട്രേലിയയില്‍ കഴിയുന്ന അപര്‍ണ ജോണ്‍സ് വ്യക്തമാക്കി.

സിനിമ സെറ്റില്‍വച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയത്. നടന്‍ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് നടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *