ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിസന്ധിയിലാക്കി രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. വാർത്താസമ്മേളനത്തിലാണ് ഇവർ പാർട്ടി വിടുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പത്ത് രാജ്യസഭാ അംഗങ്ങളുള്ള എഎപിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങളോടൊപ്പം ചേരുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. പാർട്ടി നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന രാഘവ് ഛദ്ദ, എഎപി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചതായി ആരോപിച്ചു. രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നേരത്തെ രാഘവ് ഛദ്ദയെ നീക്കിയിരുന്നു.

“തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. 15 വർഷം പാർട്ടിക്കായി സമർപ്പിച്ചു. എന്നാൽ ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് പാർട്ടി ഏറെ അകന്നുപോയിരിക്കുന്നു. പാർട്ടി വിടുന്ന ഞാൻ ജനങ്ങളിലേക്കാണ് പോകുന്നത്. പാർട്ടി രൂപീകരണ സമയത്തുണ്ടായിരുന്ന മൂല്യങ്ങൾ ഇപ്പോൾ എഎപിക്കില്ല” – രാഘവ് ഛദ്ദ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *