പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. റാലിക്കിടെ കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിലായത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാസെക്രട്ടറിയും പ്രസിഡന്റും കേസില്‍ പ്രതികളാകും. കൂടാതെ കുട്ടിയുടെ മാതാപിതാക്കളെയും പ്രതികളാക്കാനുള്ള സാധ്യത ഉണ്ട്.
നേരത്തെ, 153 എ പ്രകാരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് മതസ്പര്‍ധ വളര്‍ത്തിയതിന് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു. കേസ്. കുട്ടിയെ റാലിയില്‍ എത്തിച്ചവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെ പത്തുവയസ്സുപോലും തോന്നിക്കാത്ത കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. മറ്റൊരാളുടെ ചുമലിലിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിച്ചതു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയിതെന്നു രഹസ്യാന്വേഷണവിഭാഗം പരിശോധിക്കും.
കേന്ദ്ര ഏജന്‍സികളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുതേടിയെന്നാണു വിവരം. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. മുദ്രാവാക്യംവിളിക്കുന്ന കുട്ടിയെയും മാതാപിതാക്കളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി സി.എ. റൗഫ് പ്രതികരിച്ചു.