വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായാണ് കെഎസ്ആര്‍ടിസി എത്തുന്നത്. പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. അതത് യൂണിറ്റുകളില്‍ വേണ്ട ബസുകളുടെ എണ്ണം ആവശ്യാനുസരണം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശരാശരി 151 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം. ഇത് 240 കോടി കോടിയെങ്കിലുമായി ഉയര്‍ത്തിയാല്‍ പ്രതിഡികള്‍ മറികടക്കാമെന്നാണ് മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടല്‍. ഇതിനായി ഓരോ യുണിറ്റിനും ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കിക്കഴിഞ്ഞു.

നിലവില്‍ 3800 സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വ്വീസ് കൂട്ടണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. കൊവിഡിന് മുമ്പ് കെഎസ്ആര്‍ടിസിയില്‍ അയ്യായിരത്തോളം സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു.

രാവിലെ 6 മുതല്‍ പത്ത് വരേയും വൈകിട്ട് 3 മുതല്‍ 7 വരേയും സര്‍വ്വീസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ആനുപാതികമായി നിലവിലെ എട്ട് മണിക്കൂറില്‍ നിന്നും ജോലി സമയവും ഉയര്‍ത്തേണ്ടിവരും. അധിക ജോലി സമയത്തിന് ഒരു മണിക്കൂറിന് 75 രൂപ അലവന്‍സ് നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *