പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ഫൊറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകള്‍ ശേഖരിക്കുന്നത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ ബന്ധുവല്ലെന്നും പൊലീസ് വ്യക്തമാക്കി.
‘സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. ഗൂഢാലോചനയടക്കം അന്വേഷിക്കും. കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയും കേസെടുക്കും. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം സംബന്ധിച്ച കാര്യങ്ങളിലും വിശദമായ അന്വേഷണം നടത്തും.’ ആലപ്പുഴ എസ്പി വിശദീകരിച്ചു.
സംഭവത്തില്‍ സംഘടനയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. റാലിയിലെ മുദ്രാവാക്യത്തിനെതിരെ അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ്.
