വിസ്മയ കേസിലെ വിധി പുറത്തുവന്നതിന് പിന്നാലെ കിരൺകുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പൊലീസുകാർ വളരെ പണിപ്പെട്ടാണ് പ്രതി കിരൺകുമാറിനെ പൊലീസ് വാഹനത്തിൽ കയറ്റിയത്.കിരണ്‍ കുമാറിന് (31) കോടതി വിധിച്ചത് വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവു ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്തു വര്‍ഷമാണ് കിരണ്‍ ജയിലില്‍ കിടക്കേണ്ടി വരിക. കിരണ്‍ പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ഇതില്‍ രണ്ടു ലക്ഷം വിസമയയുടെ മാതാപിതാക്കള്‍ക്കു നല്‍കണമെന്നും കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെഎന്‍ സുജിത് വിധിച്ചു. സ്ത്രീധന പീഡനത്തിലൂടെ മരണം (ഐപിസി 304 ബി) – പത്തു വര്‍ഷം തടവ്, സ്ത്രീധന പീഡനം (ഐപിസി 498 എ) -ആറു വര്‍ഷം തടവ്, ആത്മഹത്യാ പ്രേരണ (ഐപിസി 304) – രണ്ടു വര്‍ഷം തടവ്, സ്ത്രീധനം വാങ്ങല്‍ (സ്ത്രീധന നിരോധന നിയമം)- ആറു വര്‍ഷം തടവ്, സ്ത്രീധനം ആവശ്യപ്പെടല്‍ (സ്ത്രീധനനിരോധന നിയമം)- ഒരു വര്‍ഷം തടവ് എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴ ഒടുക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്കു നല്‍കാന്‍ കോടതി ഉത്തരവിട്ടതായും പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍ രാജ് പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷാവിധിയില്‍ സംതൃപ്തനാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.

Leave a Reply

Your email address will not be published. Required fields are marked *