കോവിഡ് ഡ്യൂട്ടിക്കിടയില്‍ തന്നെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. ഫേസ്ബുക്കിലൂടെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവെയ്ക്കുകയാണെന്ന് അറിയിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ മെയ് 14നാണ് സിപിഒ ആയ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.

സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.

ഉമ്പര്‍നാട് അഭിലാഷ് ഭവനം ലാലിയാണ് മരിച്ചത്. തുടര്‍ന്ന് ലാലിയുടെ മകനും സിവില്‍ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയില്‍ എടുക്കാത്തതിനെ തുടര്‍ന്ന് കെജിഒഎംഒയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തനിക്ക് നേരിടേണ്ടിവന്ന ആക്രമണത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നത്…

‘മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സ ഇല്ല, അവിടുത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വാക്‌സിനേഷനും സ്വാബ് ടെസ്റ്റുമാണ്. സ്റ്റാഫിന്റെ കുറവ് മൂലം അത് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ടു വരെയാണ്. എന്നാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ രാത്രിയില്‍ ചികിത്സ തേടി വരുന്നവരെ നോക്കാറുണ്ട്. അതിന് ഒരു പ്രോട്ടോക്കോള്‍ ഉണ്ട്, ഹെല്‍ത്ത് സര്‍വീസിലുള്ളവര്‍, തദ്ദേശ സ്വയം ഭരണസ്ഥാപന അംഗങ്ങളായ പഞ്ചായത്ത് മെംബര്‍, പ്രസിഡന്റ്, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ അറിയിച്ചാല്‍ ക്വാറന്റീനിലുള്ള രോഗികളെ നോക്കും. പലപ്പോഴും മാനസിക സമ്മര്‍ദ്ദം കൂടിയിട്ടാവും രോഗികള്‍ എത്തുന്നത്. അവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് വിടുക, നില ഗുരുതരമാണെങ്കില്‍ മെഡിക്കല്‍ കോളജിലേക്കും മറ്റും മാറ്റുക തുടങ്ങിയവയാണ് വാര്‍ഡ് ഡ്യൂട്ടിയിലുള്ള എന്റെ പ്രാഥമിക ജോലി. ശസ്ത്രക്രിയ കഴിഞ്ഞവരുടെ കാര്യങ്ങളും ചെങ്ങന്നൂര്‍ ആശുപത്രിയിലെ ഡയാലിസിസിന്റെ ചാര്‍ജും ഇവിടെയാണ്. അതും നോക്കണം.

മേയ് 14 ന് വാര്‍ഡിലെ ഡ്യൂട്ടി സമയത്ത് 4.21 ന് കാഷ്വാലിറ്റിയില്‍ വലിയ ബഹളം കേട്ടു, അതേ സമയത്ത് കാഷ്വാലിറ്റി എംഒയുടെ കോളും വന്നു. ഫുള്‍ പിപിഇ കിറ്റ് ഇടാന്‍ സമയം ഇല്ലാത്തതു കൊണ്ട് സര്‍ജിക്കല്‍ ഗൗണും ഡബിള്‍ ഗ്ലൗവ്‌സും മാസ്‌ക്ക് ഷീല്‍ഡും വച്ച് ഞാന്‍ അവിടെ ചെന്നു. വല്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. ഒരു രോഗി കട്ടിലില്‍ കിടക്കുന്നു. ചുറ്റും മൂന്നുനാലു പേരുണ്ട്. കസേരകളും മേശയും മറിച്ച് ഇട്ടിരിക്കുന്നു. രോഗിയുടെ കൂടെയുള്ള ആള്‍ എന്നോടു പറഞ്ഞു, ”നീ ആദ്യം ജീവനുണ്ടോ എന്ന് നോക്കൂ. വേറേ കൂടുതലൊന്നും ചെയ്യാന്‍ നില്‍ക്കണ്ട, ബാക്കി പണി ഞങ്ങള്‍ ചെയ്‌തോളാം.”

അവരുടെ കൂടെ ഉണ്ടായിരുന്ന ആള്‍ ഹരിപ്പാട് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റാണ്, അതൊരു കോവിഡ് ആശുപത്രിയാണ്. ഇവിടെ ഡോക്ടര്‍ ഇല്ലേ എന്നൊക്കെ ആ സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു. രോഗിയെ കൊണ്ടു വന്നപ്പോള്‍ത്തന്നെ ഡോക്ടര്‍ അവിടെ ഇല്ല എന്ന രീതിയിലായിരുന്നു അവര്‍ സംസാരിക്കുന്നത്.

വാര്‍ധക്യ രോഗങ്ങളുമായി കിടപ്പായിരുന്ന രോഗിയായിരുന്നു. കോവിഡ് പോസീറ്റിവായെന്നു പറഞ്ഞ് മുമ്പ് ആശുപത്രിയിലേക്കു വിളിച്ചപ്പോള്‍ അവരെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞിരുന്നു. ബാത്ത്‌റൂമില്‍ പോകാന്‍ ബുദ്ധിമുട്ടാണ്, അച്ഛനും അമ്മയും പോസിറ്റീവാണ്, അതുകൊണ്ട് ഞങ്ങള്‍ വീട്ടില്‍ത്തന്നെ ഇരുന്ന് നോക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. അവരുടെ കൈയില്‍ പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടായിരുന്നു. തലേ ദിവസം നോക്കുമ്പോള്‍ മീറ്ററില്‍ 75 ഒക്കെയെ കാണുന്നുള്ളു. ഇവര്‍ ആരെയോ വിളിച്ചു ചോദിച്ചു. അവര്‍ പറഞ്ഞു കമിഴ്ത്തി കിടത്തൂ, ചൂടുവെള്ളം കൊടുക്കൂ, ആവി പിടിക്കൂ എന്നൊക്കെ. അതൊക്കെ ചെയ്തിട്ടും പന്ത്രണ്ട് മണിയോടു കൂടി ഓക്‌സി മീറ്ററില്‍ റെക്കോര്‍ഡിങ് കാണുന്നില്ല. ആ സമയത്താണ് ഈ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നത്. ആംബുലന്‍സ് എത്താന്‍ താമസിക്കുയും ചെയ്തു. ഇതൊക്കെ ആ സമയത്ത് അവരുടെ ഭര്‍ത്താവ് തന്നെ എന്നോടു പറഞ്ഞതാണ്. ‘സാര്‍ ഒന്ന് നോക്ക്, ജീവന്‍ രക്ഷിക്കാന്‍ പറ്റുമെങ്കില്‍ നോക്കൂ’ എന്നു പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ ആള്‍ മരിച്ചിരുന്നു. മരിച്ചയാളെ ഒന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ. ക്വാറന്റീനില്‍ ഇരുന്ന രോഗിയുടെ കോവിഡ് മരണമാണെന്ന് പൊലീസില്‍ അറിയിച്ചു.

മൂന്നു മണിക്കൂറിനു ശേഷം ബോഡി റിലീസ് ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ ഡ്യൂട്ടി റൂമിലേക്കു വന്ന ഒരാള്‍ എന്നോട് ചോദിക്കുന്നു: ‘നിങ്ങളാണോ എന്റെ അമ്മയെ നോക്കിയ ഡോക്ടര്‍?’

ഞാന്‍ പറഞ്ഞു: ‘അതേ’

അയാളെന്റെ കഴുത്തിന് കുത്തിപ്പിടിച്ച്, ചെവിക്കുറ്റിക്ക് രണ്ട് അടി, നെഞ്ചില്‍ നാല് കുത്ത്. നീ എന്റെ അമ്മയെ കൊന്നില്ലേടാ എന്നു ചോദിച്ച് ബഹളം ആരംഭിച്ചു.

പരാതി എന്തെങ്കിലും ഉണ്ടെങ്കില്‍ കൊടുക്കാനുള്ള സൗകര്യമുണ്ട്, എന്റെ ദേഹത്ത് എന്തിനാണ് തൊടുന്നത് എന്നു ഞാന്‍ ചോദിച്ചു.

അപ്പോള്‍ കൂടെയുള്ളയാള്‍ ‘വിഡിയോ എടുക്കടാ’ എന്ന് പറയുന്നുണ്ട്. നീ തിരിച്ച് അടിച്ചോ എന്നും പറയുന്നുണ്ട്. അടിക്കാന്‍ വരുന്ന ആള്‍ തിരിച്ചടിച്ചോ എന്നു പറയുന്നത് ശരിയല്ല എന്നു തോന്നി, സംയമനം പാലിച്ച്, ദേഹത്തു തൊട്ടത് ശരിയായില്ല എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി എന്നെ പ്രകോപിപ്പിച്ച്, തിരിച്ചടിക്കുന്ന ഒരു വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മാധ്യമ വിചാരണയ്ക്കുള്ള ശ്രമമാണെന്ന്.

കൊല്ലത്ത് ഇതുപോലെയൊരു ഡോക്ടറുടെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് എന്റെ സുഹൃത്തായ ഡോക്ടര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. നമ്മുടെ കരിയറും ജോലിയും എല്ലാം നശിപ്പിക്കുക എന്ന കൃത്യമായ പ്ലാനിങ്ങോടെ നടന്ന ഒരു സംഭവമാണ്. അല്ലാതെ വൈകാരികതയുടെ പുറത്ത് അങ്ങനെ സംഭവിച്ചതല്ല, വൈകാരികതയുടെ പുറത്താണെങ്കിലും അത് സമ്മതിച്ചു കൊടുക്കാന്‍ പാടില്ല. വൈകാരികത നിയന്ത്രിക്കാന്‍ മനുഷ്യരായ നമ്മള്‍ പഠിക്കണമല്ലോ? ഇത് പൊലീസില്‍ അറിയിച്ചു, പൊലീസ് വന്ന് എഫ്‌ഐആര്‍ ഇട്ടു. കേസ് റജിസ്റ്റര്‍ ചെയ്ത് ആളെ കൊണ്ടുപോയി. പ്രൈമറി കോണ്ടാക്റ്റായതു കൊണ്ട് അറസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു. ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവായി. കഴിഞ്ഞ മാസം 14 ന് നടന്ന സംഭവമാണ്.’

Leave a Reply

Your email address will not be published. Required fields are marked *