തടസരഹിതമായി വീടുകളിലേക്ക് നേരിട്ട് പാചകവാതകം ലഭിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതി തിരുവനന്തപുരത്ത് അതിവേഗം പുരോഗമിക്കുന്നു. നിലവിൽ കോർപ്പറേഷൻ പരിധിയിലെ 21 വാർഡുകളിലാണ് പദ്ധതി പൂർത്തിയായിട്ടുള്ളത്. 2027 ഓടെ 100 വാർഡുകളിലെ രണ്ട് ലക്ഷം വീടുകളിൽ പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതി പാചകവാതകം എത്തും. ഗ്യാസ് ബുക്ക് ചെയ്തുള്ള കാത്തിരിപ്പില്ല, പോക്കറ്റും കാലിയാകില്ല. മുഴുവൻ സമയവും തടസരഹിതമായി വീട്ടിലേക്ക് പൈപ്പ് വഴി പ്രകൃതി സൗഹാർദ്ധ പാചകവാതകം ലഭിക്കും. സാധാരണ എൽപിജി സിലണ്ടിറിനേക്കാൾ 10 മുതൽ 15 ശതമാനംവരെ സാമ്പത്തിക ലാഭമാണ് പൈപ്പ്ഡ് നാച്വറൽ ഗ്യാസ് വഴി ഉപഭോക്താക്കൾക്കുണ്ടാകുക. തുടക്കത്തിൽ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതിൽ ചില എതിർപ്പുകളുണ്ടായെങ്കിലും 380 കിലോമീറ്ററിൽ പാചകവാതക വിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിൽ ബഹുഭൂരിപക്ഷവും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ്. സിറ്റി ഗ്യാസ് പദ്ധതി നടത്തിപ്പിനുള്ള ചുമതല എ ജി ആന്‍റ് പി പ്രഥം കമ്പനിക്കാണ്. നിലവിൽ വെട്ടുകാട്, ഭീമാപ്പള്ളി, ശംഖുമുഖം, വലിയതുറ, മുട്ടത്തറ മേഖലകളിൽ വീടുകളിലേക്ക് പൈപ്പ് വഴി പാചകവാതക വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ പതിനൊന്ന് വാർഡുകളിൽ നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാകുന്നു. ഈ വർഷാവസാനംകൊണ്ട 40,000 വീടുകളിലേക്കും അടുത്ത് മൂന്ന് വർഷത്തിനിടയിൽ 2 ലക്ഷം വീടുകളിലേക്കും നഗരത്തിൽമാത്രം പാചകവാതകമെത്തിക്കും. കോർപ്പറേഷൻ പരിധിയിലെ ജോലികൾക്കൊപ്പം ആണ്ടൂർകോണം, മംഗലപുരം, പോത്തൻകോട് പ‌ഞ്ചായത്തുകളിലും ഗ്യാസ് വിതരണവും ഉടൻ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *