ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളെ യു.ഡി.എഫിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ട് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന ശിബിരത്തിന് സമാപനം കുറിച്ചു നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നയപ്രഖ്യാപനം നടത്തിയത്. സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്താനാണ് ആഹ്വാനം.

എല്‍.ഡി.എഫില്‍ അതൃപ്തരായ കക്ഷികള്‍ക്ക് മുന്നണിവിട്ട് വരേണ്ടി വരുമെന്നും അവരെ യു.ഡി.എഫ്. സ്വാഗതം ചെയ്യുമെന്നും കെ.സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന് കേരളത്തില്‍ തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം നില്‍ക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും കോഴിക്കോട് നടന്ന ചിന്തന്‍ശിബിരത്തില്‍ അദ്ദേഹം പറഞ്ഞു.

തുടര്‍ഭരണം കേരളത്തില്‍ സര്‍വനാശമാണുണ്ടാക്കിയതെന്നും സംസ്ഥാനത്തിനും ജനതയ്ക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യു.ഡി.എഫ്. വിപുലീകരിച്ചും കാലം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരാണ്.

ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയന്‍ നേരിടുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇതിനകം തന്നെ അദ്ദേഹത്തിന് രാജിവെച്ച് ഒഴിയേണ്ടി വരുമായിരുന്നു. ഈ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയും കേന്ദ്രത്തിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുമാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും പിന്നീട് നടന്ന എ.കെ.ജി. സെന്റര്‍ ആക്രമണ നാടകവും ആസൂത്രണം ചെയ്യപ്പെട്ടത്.

എ.ഐ.സി.സി. നിഷ്‌കര്‍ഷിക്കുന്ന സമയക്രമം പാലിച്ച് കെ.പി.സി.സി. മുതല്‍ ബൂത്ത് കമ്മറ്റി വരെ പുനസംഘടന പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പുനക്രമീകരിക്കും. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ ജില്ലാ, നിയോജകമണ്ഡലം തലങ്ങളില്‍ സമിതികള്‍ രൂപികരിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും. വനിതകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനായി ആഭ്യന്തരപരാതി പരിഹാര കമ്മറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *