ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയില്‍ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്‌നല്‍ കേന്ദ്രീകരിച്ചാകും തിരച്ചില്‍. സോണാര്‍ സിഗ്‌നല്‍ ലഭിച്ച പ്രദേശം ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധിക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. ഇന്ന് വൈകിട്ടോടെ വ്യക്തത വരുമെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്നലെ ഗംഗവല്ലി പുഴയില്‍ സിഗ്നല്‍ ലഭിച്ച ഭാഗത്ത് മുങ്ങല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴയിലെ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നു. തീരത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് കൂടിക്കിടക്കുന്ന മണ്‍കൂനകള്‍ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്.