ഇന്‍സ്റ്റഗ്രാം റീല്‍സ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ.സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച്‌ 23നാണ്‌ കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്‌.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് പണയം വെയ്ക്കാനായി ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. നിശ്ചിതദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഒരുമാസം മുന്‍പാണ് ആഭരണങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് യുവതി ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തിരുവനന്തപുരത്തുനിന്നും ബസില്‍ കിളിമാനൂരില്‍ എത്തിയ യുവതിയെ ഇയാള്‍ ബൈക്കില്‍ കയറ്റിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ യുവതിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് മീശ വിനീത്. ബൈക്ക് മോഷണം ഉള്‍പ്പെടെ പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *