സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4.17 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ എഴുതുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. അഞ്ച് ദിവസം വരെ ഇടവേള ഓരോ പരീക്ഷകളും തമ്മിലുണ്ട്. ഒക്ടോബര്‍ 13 ന് വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പരീക്ഷയും ഒക്ടോബര്‍ 18 ന് പ്ലസ് വണ്‍ പരീക്ഷകളും അവസാനിക്കും. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.
പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്കു രാവിലെ 9.40 മുതൽ 12.30 വരെയും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 9.40 മുതൽ 12.00 വരെയുമാണ് പരീക്ഷ നടക്കുക. കൂൾ ഓഫ് ടൈം ഉൾപ്പെടെയാണ് ഇത്. ബയോളജി പരീക്ഷ 9.40 മുതൽ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതൽ 11.30 വരെയാണ്. സെപ്റ്റംബർ 24ന് തുടങ്ങി ഒക്ടോബർ 18വരെയാണ് പ്ലസ് വൺ പരീക്ഷകൾ. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബർ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയിൽ അഞ്ചു ദിവസം ഇടവേളയുണ്ടാവും.
വിദ്യാർഥികൾക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാർ, പിടിഎ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എസ്എസ്കെ ജീവനക്കാർ തുടങ്ങിയവരുടെ സേവനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല.
ശരീരോഷ്മാവ് കൂടുതലുള്ളതും ക്വാറന്റൈനിൽ ഉള്ളതുമായ വിദ്യാർഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയിലായിരിക്കും പരീക്ഷ. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാർത്ഥികൾ അനുവർത്തിക്കേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ ഉൾപ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തിൽ പ്രദർശിപ്പിക്കും.
