കൊച്ചി: താരസംഘടന അമ്മയുടെ താത്കാലിക കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് ഒഴിവായി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പില്‍ നിന്നാണ് സ്വയം ഒഴിവായത്. ജനറല്‍ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിര്‍പ്പ് അറിയിച്ചിരുന്നു. താല്‍ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ജഗദീഷിന് അതൃപ്തിയെന്നും സൂചനയുണ്ട്. പിരിച്ചുവിട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ താല്‍ക്കാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം.
അതേസമയം അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ജഗദീഷ് നിഷേധിച്ചു. ഭരണസമിതി കൂട്ടരാജി സമര്‍പ്പിച്ചപ്പോള്‍ ഇനി ആ ഗ്രൂപ്പില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നിയതുകൊണ്ടാണ് അമ്മ ഭരണസമിതി വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് ജഗദീഷ് വ്യക്തമാക്കി. ഇന്നലെയോ ഇന്നോ നടന്ന സംഭവമല്ല. പ്രവര്ത്തകന് എന്ന നിലയില്‍ അമ്മയില്‍ സജീവമായി ഉണ്ടാകും. അമ്മയുടെ പ്രസിഡന്റ് ആകാനോ സെക്രട്ടറി ആകാനോ ഇനി താനില്ല. അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല താന്‍ ഉറങ്ങുന്നതെന്നും താരം പറഞ്ഞു.