കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് അനുപമ. നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ പറഞ്ഞു.

അതിനിടെ കുട്ടിയെപ്രസവിച്ച് ആറു മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. കുട്ടിയെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തതായും വിഷയത്തിൽ കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത, സഹോദരി, ഇവരുടെ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. ദത്ത് എടുക്കൽ നടപടി വഞ്ചിയൂർ കുടുംബ കോടതയിൽ അന്തിമ ഘട്ടത്തിലാണ്. നാളെ അന്തിമ വിധി പറയാനിരിക്കെ കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന വിവരം സർക്കാരിന് വേണ്ടി ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു.

സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. ഇത് സംബന്ധിച്ച ഹർജി മറ്റന്നാൾ ഹൈക്കോടതിയിൽ സമർപ്പിക്കും. ഹേബിയസ് കോർപ്പസ് ഹർജിയായിരിക്കും നൽകുക. ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന സംശയം നിലനിൽക്കുന്നതിനാൽ കുടുംബക്കോടതിയിൽ കക്ഷിചേരാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും നിയമോപദേശം തേടി.

Leave a Reply

Your email address will not be published. Required fields are marked *