ചെന്നൈ: പഠിക്കാത്തതിൻ്റെ പേരിൽ വഴക്ക് പറഞ്ഞതിൻ്റെ ദേഷ്യത്തിൽ കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടിലാണ് സംഭവം. ലോറി ഡ്രൈവറായ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ് മരിച്ചത്.
കീഴ്‌കുപ്പം വേലൂരിൽ താമസിക്കുന്ന മഹേശ്വരിയെ കൃഷിയിടത്തിൽ ദേഹമാസകലം മുറിവുകളോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാത്തതിൻ്റെ പേരിൽ അമ്മ നിരന്തരം ശകാരിച്ചിരുന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പതിന്നാലുകാരൻ പോലീസിന് മൊഴി നൽകി. മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകളും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പാടത്തേക്ക് പോയ മഹേശ്വരിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുനാവലൂർ പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉളുന്തൂർപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ 14 വയസ്സുകാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
