കോഴിക്കോട്: ഫറോക്കിന് സമീപം ചെറുവണ്ണൂർ ജങ്ഷനിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വെള്ളി രാവിലെയുണ്ടായ അപകടമാണ് ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയത്.
രാമനാട്ടുകര പെരിങ്ങാവ് മുണ്ടക്കേതൊടി വിഷ്ണു (28) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽനിന്നും ഫറോക്ക് മണ്ണൂർ പോകുന്ന
ഡല്ലാഹ് എന്ന സ്വകാര്യ ബസ്സാണ് ബൈക്കിനിടിച്ചത്. യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ബസ്സിനടിയിൽ നിന്ന് പരിക്കേറ്റ വിഷ്ണുവിനെ പുറത്തെടുത്ത് ഉടനെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിലെ റോഡിൽ ഗതാഗത തടസ്സം വന്നപ്പോൾ കൊളത്തറ ചെറുവണ്ണൂർ സമീപത്തെ റോഡിലൂടെ അതിവേഗതയിൽ സ്വകാര്യ ബസ് കയറാൻ ശ്രമിച്ചതിനിടയിലാണ് അപകടം. പ്രദേശത്ത് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാമനാട്ടുകര മുതൽ ചെറുവണ്ണൂർ വരെയുള്ള റോഡിൽ ബസുകളുടെ മത്സരയോട്ടം മൂലം നിരന്തരം അപകടങ്ങൾ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാമനാട്ടുകരയിൽ ബസ് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരണപ്പെട്ടത്.
