തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ അസ്വസ്ഥത പുകയുന്നു. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നത് ചര്‍ച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ വിമര്‍ശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതല്‍ നേതാക്കള്‍.

പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രന്‍ എന്ന് പാര്‍ട്ടിയിലെ വിമര്‍ശകര്‍. മണ്ഡലത്തില്‍ ക്യാമ്പ് ചെയത് സുരേന്ദ്രന്‍ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. കഴിഞ്ഞ തവണത്തെക്കാള്‍ പതിനായിരം വോട്ടാണ് ഇത്തവണ ബിജെപിക്ക് കുറഞ്ഞത്. സുരേന്ദ്രന്‍ വളരെ കുറച്ച് മാത്രം പോയ ചേലക്കരയില്‍ പാര്‍ട്ടിക്ക് കൂടിയത് 9000 ത്തിലേറെ വോട്ടുകള്‍. കണ്ണായ പാലക്കാടന്‍ കോട്ടയിലെ തോല്‍വിയുടെ ആഘാതം ഉടനൊന്നും മാറില്ല.

ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാടും വയനാടും വെച്ച് യുഡിഎഫിന് ആഹ്‌ളാദിക്കാം. ചേലക്കര ഉന്നയിച്ച് എല്‍ഡിഎഫിനും. എന്നാല്‍, കേരളം പിടിക്കാനിറങ്ങുന്ന ബിജെപിക്ക് ബാക്കിയുള്ളത് കടുത്ത നിരാശ.

Leave a Reply

Your email address will not be published. Required fields are marked *