അവസാനകാലത്ത് ഉമ്മൻ ചാണ്ടിയെ ചിലർ കൈവിട്ടുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. സോളാർ കേസ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും പാർട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ വ്യക്തിയാണ് രാജ്‌മോഹൻ ഉണ്ണിത്താനെന്നും, അത് മറക്കാനാകില്ലെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം കുടുംബത്തെ പച്ചയ്ക്ക് വലിച്ചുകീറാൻ ശ്രമിച്ചപ്പോൾ മുന്നിൽ പോരാളിയായി നിന്നത് ഉണ്ണിത്താനാണെന്നും, മറ്റുള്ളവരും അവരവരുടെ തലത്തിൽ പ്രതിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കാലത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ തങ്ങളുടെ കുടുംബത്തെ സഹായിച്ചതിൽ യാതൊരു സംശയവുമില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ രക്തമൊലിപ്പിച്ച് അദ്ദേഹം വീട്ടിലേക്ക് വന്നപ്പോൾ താനാണ് സ്വീകരിച്ചതെന്നും, കുടുംബമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിതാവിനെ സംരക്ഷിക്കാൻ മണിക്കൂറുകളാണ് ഉണ്ണിത്താൻ ചെലവഴിച്ചത്. സോളാർ കാലത്ത് ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് പോയി പാർട്ടിയെയും കുടുംബത്തെയും പരസ്യമായി സംരക്ഷിച്ചത് രാജ്‌മോഹൻ ഉണ്ണിത്താനും ടി. സിദ്ദിഖുമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് വേണ്ടി രക്തസാക്ഷിയായ ആളാണ് ഉണ്ണിത്താനെന്നും, കല്ലേറിന്റെ രക്തസാക്ഷിയായ അദ്ദേഹത്തോട് തങ്ങൾക്കും കോൺഗ്രസ് പാർട്ടിക്ക് ആകെയും എന്നും കടപ്പാടുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ടി. സിദ്ദിഖും മറ്റ് നേതാക്കളും ഒപ്പം നിന്നിട്ടുണ്ടെന്നും, ഉമ്മൻ ചാണ്ടി ഏൽപ്പിച്ച കാര്യങ്ങൾ ഷാഫി പറമ്പിലും ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും കുറ്റപ്പെടുത്താനില്ലെന്നും, സോളാർ കാലത്ത് ആരും ഇട്ടുപോയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്ന അവസാനകാലത്ത് ചിലർ കൈവിട്ടുവെന്നും, സ്വാർത്ഥ താല്പര്യങ്ങൾ നേടാൻ ശ്രമിച്ചുവെന്നതും യാഥാർത്ഥ്യമാണ്. അത് ആരായിരുന്നുവെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും, അതിനർത്ഥം ഷാഫി പറമ്പിലാണെന്നല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
