തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ രാജിവെച്ചു. രാജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചര്‍ച്ച ചെയ്യും. ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. ഈ മാസം 29നു സത്യപ്രതിഞ്ജ നടത്താനാണ് ആലോചന.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്ക് രണ്ടര വര്‍ഷവും മറ്റ് രണ്ടുപേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. മുന്‍ധാരണ പ്രകാരമാണെങ്കില്‍ നവംബര്‍ അവസാനം പുനഃസംഘടന നടക്കേണ്ടതായിരിന്നു. എന്നാല്‍, നവകേരള സദസ്സ് നടക്കുന്നതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.
