കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൃത്യം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നുമാണ് മാർട്ടിന്റെ വാദം.

സമാനമായ ആരോപണം നേരിട്ട എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ, അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്ന് മാർട്ടിൻ ഹർജിയിൽ ആവശ്യപ്പെടുന്നു. മാർട്ടിന് പുറമെ പ്രതികളായ പ്രദീപ്, വടിവാൾ സലീം എന്നിവരും ശിക്ഷ റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ഹൈക്കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു.

അതിജീവിതയെ അപമാനിക്കുന്ന രീതിയിൽ മാർട്ടിൻ പുറത്തുവിട്ട വീഡിയോയും അതിജീവിതയുടെ പേരും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പണം വാങ്ങിയാണ് പലരും ഈ വീഡിയോ വാണിജ്യ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പേജുകൾ വഴി പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ച നൂറിലധികം സൈറ്റുകൾ ഇതിനോടകം പോലീസ് നീക്കം ചെയ്തു. ഇരുനൂറിലേറെ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പങ്കുവെക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *