പാലക്കാട്: കരോൾ സംഘത്തിനെതിരെ ആർഎസ്എസ് പ്രവർത്തകൻ നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. ആക്രമണത്തേക്കാൾ കൂടുതൽ വേദനിപ്പിച്ചതാണ് സംഭവത്തിന് പിന്നാലെ ചില ബിജെപി നേതാക്കൾ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ബിജെപി നേതാക്കളുടെ പരാമർശങ്ങൾ കുട്ടികൾക്ക് കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്നും, ചില കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. കരോൾ സംഘത്തിലെ എല്ലാ കുട്ടികളും 15 വയസ്സിന് താഴെയുള്ളവരും, രാഷ്ട്രീയം പോലും അറിയാത്തവരുമാണെന്നും അവർ കൂട്ടിച്ചേർത്തു.
കുട്ടികൾ മദ്യം കഴിച്ചിട്ടാണ് കരോൾ സംഘമായി എത്തിയതെന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഏറ്റവും വേദനിപ്പിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. “അവർക്കും പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികൾ ഉണ്ടാകില്ലേ? സ്വന്തം കുട്ടികളെ അവർ മദ്യം കൊടുത്താണോ വളർത്തുന്നത്?” എന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം.
സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും, ബന്ധപ്പെട്ടവർക്കെതിരെ പരാതി നൽകുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടികളെ അപമാനിക്കുകയും മാനസികമായി വേദനിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ശക്തമായി പ്രതികരിച്ചു.
