നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസമായ ഇന്നും തുടരും.രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.പ്രതികളിലൊരാള്‍ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞയായി സൂചന. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ പ്രതിയുടെ വിവരം പുറത്തു വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങളുണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംഭാഷണം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ഈ പ്രതി ആദ്യ ദിവസം തന്നെ സമ്മതിച്ചു. എന്നാല്‍ പിറ്റേന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രതി രണ്ട് തവണ പൊട്ടിക്കരഞ്ഞു. തുറന്നു പറച്ചിലിനു ശേഷം ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും സംസാരിച്ചതുമില്ല. തുടര്‍ന്ന് ഇയാള്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്‍കി. കേസില്‍ ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ സാധ്യതയുണ്ട്.
നാളെ റിപ്പബ്ലിക് ദിനമായതിനാല്‍ ഹൈക്കോടതി അവധിയാണ്. കേസിന്‍റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപകേഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. ഗൂഡാലോചനയിൽ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി വിധി പുറപ്പെടുവിക്കും.