മഹാരാഷ്ട്രയിലെ പുണെയില്‍ അപൂര്‍വ നാഡീരോഗം കണ്ടെത്തി. ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന അപൂര്‍വയിനം നാഡീരോഗമാണ് കണ്ടെത്തിയിട്ടുള്ളത്. പുണെ ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗബാധയേറ്റ് ഇതിനകം 67 പേരാണ് ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ പിംപ്രിയിലെ യശോദറാവു ചവാന് മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന 64 കാരി മരിച്ചു.
13 പേര് നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും വിവരങ്ങളുണ്ട്. രോഗപ്രതിരോധ ശേഷിയെയും നാഡീപ്രവര്‍ത്തനത്തെയും ബാധിക്കുന്ന പ്രത്യേക രോഗമാണ് ജിബിഎസ്.
രോഗബാധിതരായ മിക്കയാളുകളും 12-30 പ്രായപരിധിയില്‍ ഉള്ളവരാണ് എന്നത് രോഗത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതിസാരം, വയറുവേദന, കൈകാലുകള്‍ക്ക് ബലഹീനത, പക്ഷാഘാതം തുടങ്ങിയവയാണ് ജിബിഎസിന്റെ ലക്ഷണങ്ങളെന്ന് ഐസിഎംആര്‍ അറിയിച്ചു.
പ്രത്യേക ബാക്ടീരിയയാണ് രോഗകാരിയെങ്കിലും തുടക്കത്തിലേ ചികിത്സ ലഭ്യമായാല്‍ പൂര്‍ണമായും ഭേദമാക്കാനാവുന്നതാണ്. അതേസമയം, രോഗം കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്ത മേഖലയിലെ വീടുകളിലെ വെള്ളം അധികൃതര്‍ പരിശോധനയ്ക്കായി ശേഖരിച്ചു. രോഗികളുടെ രക്ത, സ്രവ സാംപിളുകള്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
