ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരുകളില്‍ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് കാസ സംഘടനക്കെതിരെ പരാതി. കാസയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കുമെതിരെ എസ്‌ഐഒയാണ് പരാതി നൽകിയത്.
നിരന്തരം വർഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസയെന്നും ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്ലീം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിര്‍മ്മിതികളാണെന്നും എസ്‌ഐഒ പ്രസ്താവനയില്‍ പറഞ്ഞു.
എസ്‌ഐഒ പ്രസ്താവന:
‘പുല്‍പള്ളിയില്‍ ലൗ ജിഹാദിനെതിരെയും നര്‍ക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരില്‍ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ എന്ന സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികള്‍ക്കും എതിരെ എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്റ് മുനീബ് എന്‍.എ പുല്‍പള്ളി പൊലീസില്‍ പരാതി നല്‍കി. കേരളത്തിന്റെ സാമൂഹിക സഹവര്‍ത്തിത്വത്തെ തകര്‍ക്കുന്ന തരത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിര്‍മ്മിതികളാണ്. പുല്‍പള്ളിയില്‍ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉള്‍ക്കൊള്ളിച്ച് കൊണ്ട് കാസയുടെ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളില്‍ അടക്കം മുസ്‌ലിം സമുദായത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.”