സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരത്തില്‍, വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഇരു വകുപ്പുകളിലെ സെക്രട്ടറിമാരും വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത ശേഷം ഡോക്ടേഴ്‌സിന്റെ പ്രതിനിധികളെ ബന്ധപ്പെടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2016 മുതലുള്ള വേതന കുടിശിക നല്‍കുക, ഉടന്‍ ഒഴിവുകള്‍ നികത്തി നിയമനങ്ങള്‍ നടപ്പിലാക്കുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏഴ് മാസത്തിലധികമായി കെജിഎംസിടിഎ സമരത്തിലാണ്. ഇതുവരെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെയാണ് സമരം തുടരുന്നത്.

അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ സൂപ്രണ്ടിനേറ്റ ആക്രമണത്തില്‍ നടപടി വേണമെന്നും ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ സസ്‌പെന്‍ഷനില്‍ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കെജിഎംഒഎയുടെ പ്രതിഷേധം ആശുപത്രിയില്‍ നടത്തുന്നത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്ദലി കായ്പ്പാടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *