പ്ലാസ്‌റ്റിക്‌ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായി പാടശേഖരത്ത്‌ വലിച്ചെറിഞ്ഞ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കൊണ്ട് സുന്ദരമായ മത്സ്യ രൂപം തീർത്ത് യുവാവ്. ചുനക്കര കിഴക്ക്‌ ലിമലയത്തില്‍ ലിനേഷാണ്‌ ശില്‍പി. പെരുവേലില്‍ച്ചാല്‍ പുഞ്ചയില്‍ ചുനക്കര-നൂറനാട്‌ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട്‌ റോഡിന്‌ താഴെയായുള്ള വഴിയിലാണ്‌ 18 അടി ഉയരത്തിലുള്ള മത്സ്യരൂപം സ്ഥാപിച്ചത്‌.

ഇത് കാണാനായി എത്തുന്ന ആളുകൾ ലിനേഷിന്റെ കരവിരുതിനെയും ആശയത്തെയും അഭിനന്ദിച്ചാണ്‌ മടങ്ങുന്നത്‌. ഫ്രീലാന്‍ഡ്‌ ആര്‍ട്ടിസ്‌റ്റാണ്‌ ലിനേഷ്‌. പുഞ്ചയിലെ വഴികളില്‍ വൈകുന്നേരങ്ങളില്‍ ലിനേഷും സുഹൃത്തുക്കളും എത്താറുണ്ട്‌. ഇവിടെ വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ കുപ്പികളും മറ്റും വര്‍ധിച്ചതോടെ ഇത്‌ നീക്കം ചെയ്യാനായിരുന്നു ആദ്യം ഒരുങ്ങിയത്‌. അയ്യപ്പന്‍, ജോബി, ജയകൃഷ്‌ണന്‍, മനു തുടങ്ങിയ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ പാടശേഖരത്തിലും നീരൊഴുക്ക്‌ തോട്ടിലും കിടന്ന പ്ലാസ്‌റ്റിക്‌ കുപ്പികള്‍ ശേഖരിച്ചു.

ഇവ 50 ചാക്കുകളിലാക്കി നിറച്ചതോടെയാണ്‌ കുപ്പികള്‍ ഉപയോഗിച്ച്‌ ശില്‍പമുണ്ടാക്കി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്‌. കമ്പി കൊണ്ട്‌ സ്‌ട്രക്‌ചറുണ്ടാക്കി അതില്‍ കുപ്പികള്‍ മാല പോലെ കോര്‍ത്ത്‌ പിടിപ്പിച്ചാണ്‌ മത്സ്യ ശില്‍പമാക്കി മാറ്റിയത്‌. പാടത്ത്‌ നിന്നു തന്നെ ലഭിച്ച രണ്ടു അപ്പച്ചട്ടികളാണ്‌ കണ്ണിന്റെ സ്‌ഥാനത്ത്‌ ഉറപ്പിച്ചിച്ചിരിക്കുന്നത്‌. 12 ദിവസത്തോളമെടുത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ അച്‌ഛന്‍ സുരേഷിന്റെ സഹായമുണ്ടായതായും ലിമേഷ്‌ പറഞ്ഞു.തൃശൂര്‍ ഫൈന്‍ ആര്‍ട്ട്‌സ്‌ കോളജില്‍ നിന്നും ബി.എഫ്‌.എ സ്‌കള്‍പ്‌ചര്‍ പാസായ ശേഷം ഫ്രീലാന്‍ഡ്‌ ആര്‍ട്ടിസ്‌റ്റായി ജോലി ചെയ്‌തു വരികയാണ്‌ ലിമേഷ്‌. പാഴ്‌വസ്‌തുക്കളില്‍ നിന്നും മനോഹരങ്ങളായ വസ്‌തുക്കളും ശില്‍പങ്ങളും തീര്‍ത്ത്‌ ശ്രദ്ധ നേടിയിട്ടുണ്ട്‌. ഇന്റീരിയര്‍ ജോലികളും ചെയ്യുന്നു. ലിമയാണ്‌ മാതാവ്‌. ഭാര്യ: ഹരിത. മകന്‍: ചേതന്‍.

Leave a Reply

Your email address will not be published. Required fields are marked *