‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിക്കുകയും ലോക്സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തതിനു പിന്നാലെ, ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറൽ.

‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തതാണ് വൈറലായത്. നേതാക്കൾ ഖുശ്ബുവിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി ഇപ്പോൾ ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്ന് ചോദിക്കുകയും ചെയ്തു.

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിൽ പൂർണേഷ് മോദി നൽകിയ കേസിലാണ് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. തുടർന്ന് വെള്ളിയാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കി.

Leave a Reply

Your email address will not be published. Required fields are marked *