മത്സരചിത്രം പൂർണ്ണമായതോടെ സംസ്ഥാനത്ത് പ്രചാരണ ചൂടേറി. വയനാട്ടിൽ കെ സുരേന്ദ്രൻ ഇറങ്ങിയത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനപ്രകാരം. രാഹുലിനെതിരെ പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ വയനാട്ടിൽ ഇറക്കുന്നത്. പല പേരുകൾ പരിഗണിച്ചിരുന്ന കൊല്ലത്ത് ഒടുവിൽ നടൻ കൃഷ്ണകുമാറിനാണ് നറുക്ക് വീണത്. വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിൽ മത്സര ചിത്രം പൂർത്തിയായത്.മത്സരിക്കില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്ന കെ സുരേന്ദ്രനെ ഒടുവിൽ ദേശീയ നേതൃത്വം ഇടപെട്ട് വയനാട്ടിൽ രംഗത്തിറക്കുകയായിരുന്നു.തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അമേഠിയിലെ ജനങ്ങൾ എങ്ങനെ വിധിയെഴുതിയോ അതേ രീതിയിൽ വയനാടും ഇക്കുറി രാഹുലിനെതിരെ വിധിയെഴുതുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.വയനാട് സീറ്റ് ബിഡിജെഎസിൽ നിന്ന് ഏറ്റെടുത്തപ്പോൾ മുതൽ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ചർച്ചകൾ പലതുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വട്ടം 431,000 വോട്ടുകൾക്ക് രാഹുൽ റെക്കോർഡ് വിജയം നേടിയ മണ്ഡലത്തിൽ രാഹുലിനെതിരെ പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന നേതാവ് തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.മണ്ഡലത്തിലെ ക്രൈസ്തവ സഭകൾ ബിജെപി നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്നതും വന്യമൃഗ ശല്യം അടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തിയും പരമാവധി അനുകൂലമാക്കി മാറ്റാനാകും ബിജെപി ശ്രമം. എന്നാൽ, മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ എൻഡിഎയ്ക്ക് 8 ശതമാനത്തിലധികം വോട്ടുകൾ നേടാൻ ആയിട്ടില്ല എന്നതാണ് വയനാട്ടിലെ പരിമിതി. അതേസമയം പല പേരുകൾ പരിഗണിച്ചിരുന്ന കൊല്ലത്ത് ഒടുവിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി. കഴിഞ്ഞവട്ടം ആലപ്പുഴയിൽ ബിജെപി വോട്ടുകൾ ഗണ്യമായി ഉയർത്തിയ കെഎസ് രാധാകൃഷ്ണൻ ആണ് എറണാകുളത്തെ സ്ഥാനാർഥി.പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടി എൻ സരസുവും ആലത്തൂർ മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി. വിരമിച്ച വേളയിൽ സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ പ്രതീകാത്മകമായി കുഴിമാടം ഒരുക്കിയത് വൻ വിവാദമായിരുന്നു. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്‍റെ മരണത്തിൽ എസ്എഫ്ഐ പ്രതിക്കൂട്ടിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സരസുവിന്‍റെ സ്ഥാനാർത്ഥിത്വം. സ്ഥാനാർത്ഥി ചിത്രം പൂർത്തിയായതോടെ കേരളത്തിൽ 6 മണ്ഡലത്തിൽ എങ്കിലും ശക്തമായ ത്രികോണ മത്സരത്തിലാണ് അരങ്ങൊരുങ്ങുന്നത്.5 സ്ത്രീകൾക്ക് സീറ്റുകൾ നൽകിയ എൻഡിഎ ആണ് സ്ഥാനാർത്ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തിൽ മുന്നിൽ. അതേസമയം ആദ്യം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിൽ മുന്നിലെത്തിയ എൽഡിഎഫും 2019ലെ മികച്ച വിജയത്തിന്‍റെ ചരിത്രമുള്ള യുഡിഎഫും തികഞ്ഞ ആത്മാവിശ്വാസത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *