26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകി തുടങ്ങി.
പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മൈതാനത്തും പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. എന്നാല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കങ്ങള്‍. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യ ഐസിസിക്ക് കത്തയച്ചുവെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

സെപ്റ്റംബറില്‍ ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പിന്റെ കാര്യത്തിലും പ്രതിസന്ധിയുണ്ടാകും. ഈ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കാന്‍ താത്പര്യം ഇല്ലെന്ന് ഇന്ത്യ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ യുഎഇ അല്ലെങ്കില്‍ ശ്രീലങ്കയിലേക്ക് ഏഷ്യാ കപ്പ് മാറ്റിയേക്കും. എന്നാല്‍ ഈ വര്‍ഷം അവസാനം വനിതകളുടെ ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. ഈ ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ യോഗ്യത നേടിയിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് വനിതാ ലോകകപ്പ് അരങ്ങേറുന്നത്.വനിതാ ലോകകപ്പ് റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലായതിനാല്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടണം. എന്നാല്‍ മാര്‍ച്ചില്‍ സമാപിച്ച ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനായിരുന്നു ആതിഥേയര്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തിയത്. അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ തങ്ങളുടെ ഒരു ടീമിനേയും ഇന്ത്യയിലേക്കും അയക്കില്ലെന്നും തങ്ങളുടെ മത്സരങ്ങളും ന്യൂട്രല്‍ വേദികളില്‍ നടത്തണമെന്ന് പിസിബി ആവശ്യപ്പെട്ടിരുന്നു. ഇത് ഐസിസി തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.അതേസമയം, കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമാണോ കൈക്കൊള്ളുക അത് ബിസിസിഐ അംഗീകരിക്കുമെന്നാണ് ബോര്‍ഡിന്റെ വൈസ്പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചത്. 2012ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ബൈലാറ്ററല്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ പിന്നീടിങ്ങോട്ട് ഇന്ത്യയും പാകിസ്ഥാനും എല്ലായിപ്പോഴും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെടുന്നത്. ഇനി മുതല്‍ അത് പിന്‍വലിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എന്നാല്‍ നോക്കൗട്ട് മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടാന്‍ വിസമ്മതിക്കുന്ന ടീമിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *