കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകി. സംസ്ഥാനമന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. പന്നികളെ കൊല്ലുന്നതിൽ വനംവകുപ്പ് വഴിയുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാര്‍ക്ക് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി നൽകും. അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവെച്ചിടാന്‍ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാകണം വെടിവയ്‍ക്കേണ്ടത്. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട് നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷം വയ്ക്കാനോ അനുമതിയില്ല.സംസ്ഥാനത്തെ 406 സ്ഥലങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്നാണ് കണക്ക്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി ഈ പട്ടിക കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *