കൊച്ചി: എറണാകുളം പാരിയത്ത് കാവിലെ എട്ട് കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ നൽകിയ ഹർജി തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാൻ മാറ്റിയതായിരുന്നു.
അതേസമയം എറണാകുളം പാരിയത്ത് കാവിലെ സമരപ്പന്തലിൽ ഇന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എത്തും. യു ഡി എഫ് അധികാരത്തിലേറി രണ്ട് നാൾ പിന്നിടും മുന്നേയായിരുന്നു പാരിയത്ത് കാവിൽ നാടിനെ നടുക്കിയ നരനായാട്ട് അരങ്ങേറിയത്. എട്ട് കുടുംബങ്ങളെ കുടിയൊഴിക്കാനായി നിരവധി പൊലീസുകാർ എത്തുകയും പ്രായമായവരേയും സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കുകയുമായിരുന്നു.
ഇവർക്കെതിരെ ജലപീരങ്കി ഉൾപ്പെടെ പ്രയോഗിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. സി പി ഐ എമ്മിൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ സദസ് നടക്കുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങളെ ഉപദ്രവിക്കുന്ന നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നാണ് സി പി ഐ എം വ്യക്തമാക്കിയത്.
