തിരുവനന്തപുരം: കേരളത്തിലെ വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന പഠനത്തിൽ, റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകാത്ത തരത്തിൽ ഏതൊക്കെ മോഡിഫിക്കേഷനുകൾ അനുവദിക്കാം എന്ന് പ്രത്യേകം വർഗ്ഗീകരിക്കും.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 പ്രകാരം നിർമ്മാതാക്കൾ നൽകുന്ന രൂപരേഖയിൽ മാറ്റം വരുത്താൻ അനുവാദമില്ല. 2019-ൽ മോഡിഫിക്കേഷൻ വിലക്കി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ട്. പരിസ്ഥിതിക്കും സുരക്ഷയ്ക്കും വിരുദ്ധമായ ഇളവുകൾ നൽകരുതെന്നാണ് കോടതി നിർദ്ദേശം. നിയമത്തെ മറികടക്കുന്ന ചട്ടം നിർമ്മിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് അമിക്കസ്ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.
