നേതൃയോഗത്തിനിടെയുണ്ടായ തമ്മില്‍ തല്ലിന് പിന്നാലെ ഐ.എന്‍.എല്‍. പിളര്‍ന്നു . പാർട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി ഐ.എന്‍.എല്‍. സംസ്ഥാന അധ്യക്ഷന്‍ എ.പി. അബ്ദുള്‍ വഹാബ് അറിയിച്ചു. കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും അബ്ദുള്‍ വഹാബ് അറിയിച്ചു.
രാവിലെയുണ്ടായ തര്‍ക്കത്തിന് ശേഷം ഇരു വിഭാഗവും വെവ്വേറെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ പറഞ്ഞു.
ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് ലോക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.
