കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. ഇന്നലെ പാനുണ്ടയിൽ ഉണ്ടായ സംഘർഷത്തിൽ ജിംനേഷിന് പരിക്കേറ്റിരുന്നു. മർദ്ദനമേറ്റതിനെ തുടർന്നാണ് മരണമെന്ന് ആർ എസ് എസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *