കഴിഞ്ഞ പതിമൂന്നിന് വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽ നിന്ന് കുഞ്ഞുമായി പുഴയിൽ ചാടി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.കൽപറ്റ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശനയാണ് (32), മകൾ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയിൽ ചാടി മരിച്ചത്. ദർശനയുടെ ഭർത്താവ് വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്മില എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
13നു വൈകിട്ട് 3 മണിയോടെയാണു കീടനാശിനി കഴിച്ചതിനു ശേഷം, ഭർത്താവിന്റെ വീടിനു സമീപത്തെ വെണ്ണിയോട് വലിയ പുഴയിലേക്ക് ദർശന മകൾ ദക്ഷയുമായി പുഴയിലേക്കു ചാടിയത്. നാട്ടുകാർ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ദർശന 5 മാസം ഗർഭിണിയുമായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങൾക്ക് ശേഷമാണു ലഭിച്ചത്.
വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്നു മകൾക്ക് ഏൽക്കേണ്ടി വന്നതു കൊടിയ പീഡനമായിരുന്നുവെന്ന് ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 23നായിരുന്നു ദർശനയുടെ വിവാഹം. വിവാഹം കഴിഞ്ഞു മാസങ്ങൾ കഴിയും മുൻപേ പ്രശ്നങ്ങൾ തുടങ്ങി. വിവാഹ സമ്മാനമായി നൽകിയ സ്വർണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണു പീഡനങ്ങളുടെ തുടക്കം. ഭർത്താവും പിതാവും ഈ കാര്യം ചോദിച്ചു പീഡിപ്പിക്കുന്നതു നിത്യ സംഭവമായിരുന്നു. ദർശന പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്ത വകയിൽ ലഭിച്ച തുക ഓംപ്രകാശിനു കാർ വാങ്ങാൻ നൽകാത്തതിലും പീഡനം തുടർന്നുവെന്നു ദർശനയുടെ മാതാപിതാക്കൾ ആരോപിച്ചു.
2 പെൺമക്കൾ മാത്രമുള്ള തങ്ങളുടെ വീട്ടിലേക്കു വരാൻ പോലും ഭർത്താവ് വിലക്കേർപ്പെടുത്തിയിരുന്നു. പലപ്പോഴും ഭർത്താവും പിതാവും മകളുടെ മുഖത്തടിച്ച സംഭവവും മകൾ പറഞ്ഞിരുന്നു. മറ്റൊരിക്കൽ ദർശന സ്വന്തം വീട്ടിൽ ചെന്നു തിരിച്ചു പോകാൻ വൈകിയതിന്റെ പേരിൽ ഉണ്ടായ കലഹത്തിൽ ഭർത്താവിന്റെ പിതാവ് ദർശനയെയും അവളുടെ വീട്ടുകാരെയും അസഭ്യം പറയുകയും മരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇതു ഫോണിൽ റെക്കോർഡ് ചെയ്ത് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തിരുന്നതായും രക്ഷിതാക്കൾ പറഞ്ഞു. പൊലീസിൽ നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും പരാതിയുണ്ട്.
വിവാഹ ബന്ധത്തിൽ നിന്നു പിന്മാറിയാൽ ദക്ഷയ്ക്ക് അച്ഛൻ നഷ്ടപ്പെടുമെന്ന ചിന്തയാണ് മകളെ ആ തീരുമാനത്തിൽ നിന്നു പിന്മാറ്റിയത്. ഇതിനിടയിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി 2 തവണ ഗർഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളർത്തിയിരുന്നു. ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് മകൾ ആത്മഹത്യയിൽ അഭയം തേടിയത്.
പഠന കാര്യങ്ങളിൽ ഏറെ മുന്നിൽ നിന്നിരുന്ന ദർശന പല പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലും ഉണ്ടായിരുന്നു. നിലവിലുള്ള യുപി സ്കൂൾ അധ്യാപക ലിസ്റ്റിൽ 72–ാം റാങ്ക് ഉണ്ടായിരുന്നു. കൂടാതെ മരണദിവസം ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ആയി ജോലി ലഭിക്കുന്നതിനുള്ള ഉത്തരവും ലഭിച്ചിരുന്നു. 3 ജീവനുകൾ നഷ്ടപ്പെടാൻ കാരണക്കാരായ ഓംപ്രകാശിനും കുടുംബാംഗങ്ങൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് കമ്പളക്കാട് പൊലീസ്, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകുകയായിരുന്നു.
