കുത്തിയൊഴുകുന്ന വെള്ളത്തില്‍ വിദേശതാരങ്ങള്‍ അടക്കമുള്ളവര്‍ തുഴഞ്ഞ് കുതിച്ചപ്പോള്‍ കാണികളില്‍ ആവേശത്തിരയിളക്കം. ചാലിപ്പുഴയില്‍ തുടക്കമിട്ട ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമാണ് സാഹസികതയും ആകാംക്ഷയും നിറഞ്ഞ കാഴ്ചകള്‍ക്ക് വേദിയായത്. ആദ്യദിനം ഒളിമ്പിക്സ് മത്സരയിനമായ എക്സ്ട്രീം സ്ലാലോം ആയിരുന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാല്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സ് മത്സരങ്ങളാണ് അരങ്ങേറിയത്. രണ്ട് ദിവസം കൂടി ചാലിപ്പുഴയും ഇരുവഴഞ്ഞി പുഴയും സാഹസിക മത്സരത്തിന് സാക്ഷിയാവും. ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ മത്സരങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പതിനൊന്നാം പതിപ്പിനാണ് ചാലിപ്പുഴയില്‍ തുടക്കമായത്. മത്സരത്തിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ലോകശ്രദ്ധ ലഭിക്കുന്നുണ്ടെന്നും ഓരോ വര്‍ഷവും വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന കയാക്കര്‍മാരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സന്‍, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, വാര്‍ഡ് മെമ്പര്‍ സൂസന്‍ വര്‍ഗീസ് കേഴപ്ലാക്കല്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ടൂറിസം ഡി ഡി പ്രദീപ് ചന്ദ്രന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *