കുണ്ടറയില്‍ പീഡനാരോപണം ഉന്നയിച്ച യുവതിയെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയ സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ്. മന്ത്രിക്കെതിരെ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. മന്ത്രി പീഡനപരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ‘നല്ല രീതിയില്‍ പരിഹരിക്കണം’ എന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയുടെ പേരോ, ഇരയ്ക്കെതിരായ പരാമര്‍ശമോ മന്ത്രിയുടെ സംഭാഷണത്തിലില്ലെന്നും പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂത്ത് ലീഗ് നേതാവ് ഫസല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. കേട്ടുകേള്‍വിയുടെയും മാധ്യമവാര്‍ത്തയുടേയും അടിസ്ഥാനത്തിലാണ് ഫസല്‍ പരാതി നല്‍കിയത്. വിഷയത്തില്‍ യുവതിയുമായി സംസാരിക്കാതെ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനും ഫസല്‍ ഹാജരായിരുന്നില്ല. പിന്നാലെയാണ് പൊലീസ് നിയമോപദേശം തേടിയത്. തുടര്‍ന്നാണ് എകെ ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കാനുള്ള തീരുമാനം.

വിഷയത്തില്‍ നേരത്തേയും എകെ ശശീന്ദ്രന് പൊലീസ് ക്ലിന്‍ചിറ്റ് നല്‍കിയിരുന്നു. പരാതി ഒതുക്കി തീര്‍ക്കണമെന്ന ആരോപണത്തിന് അര്‍ത്ഥമില്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാദം. മലയാള നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചത്. ജില്ലാ ഗവണ്‍മെന്റ് പല്‍ഡര്‍ ആര്‍. സേതുനാഥന്‍പിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് നിയമോപദേശം കൈമാറിയത്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു.

ഒപ്പം ഇരയ്ക്ക് എതിരെയും പരാമര്‍ശം ഇല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തില്‍ ഉണ്ട്. പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞത്. പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്നതാണ് അര്‍ഥം എന്ന് നിയമോപദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *